ന്യൂസ്പേജസ് ഔദ്യോഗികമായി പ്രകാശിതമായി. കേരള മീഡിയ അക്കാദമിയുടെ ഈ സംരംഭം പ്രകാശനം ചെയ്തത് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദ ടെലിഗ്രാഫ് എഡിറ്ററുമായ ആര്‍.രാജഗോപാല്‍. സമകാലിക മാധ്യമരംഗത്തെക്കുറിച്ച് തനിക്കുള്ള വ്യത്യസ്ഥവും ദൃഢവുമായ നിലപാടുകൾ അദ്ദേഹം പങ്കുവെച്ചു.

രാജഗോപാലിന്റെ വാക്കുകളിൽ നിന്ന്:

“സര്‍ക്കാരിനെ വിമര്‍ശിക്കുന്ന കാര്യത്തില്‍ മാധ്യമരംഗത്ത് ഭീതിയുടെ അവസ്ഥ നിലനില്‍ക്കുന്നു. പത്രങ്ങള്‍ സ്വാഭാവിക പ്രതിപക്ഷമാവുന്ന രീതിക്ക് അതിനാല്‍ത്തന്നെ ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നു. മുമ്പൊക്കെ സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നതായിരുന്നു പത്രപ്രവര്‍ത്തനത്തിലെ രീതി. എന്നാല്‍, സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ അടുത്ത ദിവസം എന്തായിരിക്കും അവിടെ നിന്നുള്ള പ്രതികരണമെന്ന് മാധ്യമഉടമകള്‍ ഭയക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. തങ്ങളെ എതിര്‍ക്കുന്ന മാധ്യമസ്ഥാപനങ്ങളെ പൂട്ടിക്കുക എന്ന ലക്ഷ്യവുമായി പരസ്യം വെട്ടിക്കുറയ്ക്കുക, അനാവശ്യ മാനനഷ്ട കേസുകള്‍ നല്‍കി ബുദ്ധിമുട്ടിക്കുക തുടങ്ങിയ ശ്വാസംമുട്ടിക്കുന്ന നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. മാധ്യമരംഗത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ സാഹചര്യമാണ് ഇത് വരുത്തിവെച്ചിരിക്കുന്നത്.

മതപരമായ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ മാധ്യമങ്ങള്‍ മുമ്പൊക്കെ മിതത്വം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ അത്തരമൊരു ജാഗ്രത പാലിച്ചുകാണുന്നില്ല. അതിനാല്‍ത്തന്നെ പഴയ മൗലികത പുലര്‍ത്താനുമാവുന്നില്ല. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ഒട്ടുമിക്ക പത്രങ്ങളും ഒന്നാം പേജില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ സുപ്രീം കോടതി വിധി വന്നപ്പോള്‍ അത്തരമൊരു നിലപാട് പത്രങ്ങള്‍ക്കിടയില്‍ കണ്ടില്ല. കോടതികള്‍ പോലും പത്രങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.”

പ്രകാശനച്ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും രാജഗോപാൽ തയ്യാറായി. ബംഗാളില്‍ ക്രമേണയാണെങ്കിലും സി.പി.എം. തിരിച്ചുവരിക തന്നെ ചെയ്യുമെന്ന് ഒരു ചോദ്യത്തിനുത്തരമമായി അദ്ദേഹം പറഞ്ഞു.

“ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ ബംഗാളില്‍ ചോരപ്പുഴ ഒഴുകാതിരുന്നത് ജ്യോതിബസുവിന്റെ ഇടപെടലിന്റെ ഫലമായാണ്. വര്‍ഗ്ഗീയതയെ ചെറുക്കുന്നതില്‍ ജ്യോതിബസു നടത്തിയതു പോലുള്ള ഇടപെടല്‍ വേറൊരു നേതാവും നടത്തിയിട്ടില്ല. സി.പി.എമ്മിന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അവര്‍ ഒരുപാട് ശരികളും ചെയ്തിട്ടുണ്ട്. അത് ജനങ്ങള്‍ തിരിച്ചറിയുന്ന അവസ്ഥ വരിക തന്നെ ചെയ്യും.”

കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്.ബാബു അദ്ധ്യക്ഷനായിരുന്നു. അക്കാദമി ഭരണസമിതി അംഗങ്ങളായ രാജാജി മാത്യു തോമസ്, എസ്.ബിജു, ന്യൂസ്‌പേജസ് എഡിറ്റര്‍ വി.എസ്.ശ്യാംലാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അക്കാദമിയിലെ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് കൃതിക വിശ്വനാഥ്, ഹരിത കൃഷ്ണന്‍ എന്നിവരാണ് പ്രകാശനത്തിനായി ന്യൂസ്‌പേജസ് രാജഗോപാലിന് സമര്‍പ്പിച്ചത്. വിദ്യാര്‍ത്ഥികളായ വിപിന്‍ ദാസ് സ്വാഗതവും മാലു മധു നന്ദിയും പറഞ്ഞു.

A S Aswin Nair
Latest posts by A S Aswin Nair (see all)

COMMENT