അസമയം എന്ന ആശയത്തിന് രാത്രിയെന്നോ പകലെന്നോ ഇല്ല. ഒരു സദാചാരവാദിയുടെ കണ്ണിൽ പെണ്ണ് പുറത്തിറങ്ങുന്ന സമയമേതാണോ അതെല്ലാം അസമയത്തിൽ പെടും. ചെറിയൊരു തിരുത്ത്. പെണ്ണ് ഓൺലൈൻ വരുന്ന, ആൺസുഹൃത്തിന്റെ കൂടെ യാത്ര ചെയ്യുന്ന സമയങ്ങളും ഇത്തരക്കാർക്ക് അസമയം തന്നെ.

അസമയം ഒരു ആണത്ത സംജ്ഞ ആണ്. ചിലയിടങ്ങൾ ആണിന് മാത്രമുള്ളതാണെന്നും, ആ ഇടങ്ങൾ പെണ്ണിന് നിഷിദ്ധമാണെന്നും, നിഷിദ്ധയിടങ്ങൾ സ്വന്തമാക്കാൻ മുതിരുന്ന പെണ്ണുങ്ങളെ പോക്കുകേസുകൾ ആക്കുമെന്നും പറയാതെ പറയുന്നൊരു നിയമം ഈ നാട്ടിലുണ്ട്.

അസമയം എന്നത് ആണിനും പെണ്ണിനും ബാധകമായ ഒന്നാണ്. എന്നാൽ ഇത് പുരുഷമേധാവിത്വം തലയുയർത്തി നിൽക്കുന്ന സമൂഹമായതിനാൽ തന്നെ സ്വാഭാവിക ‘ഇരകൾ’ സ്ത്രീകളാണ്.

ആണായാലും പെണ്ണായാലും രാത്രിയാത്ര വേണ്ടെന്ന് പറയുന്നവരാണ് നാട്ടുകാർ. എങ്കിലും ആണ് രാത്രി യാത്ര ചെയ്യുന്നതിൽ അസ്വാഭാവികമായി ഒന്നും കാണാത്ത ഇവർക്ക് പെണ്ണാണ് അത് ചെയ്യുന്നതെങ്കിൽ വിഷയം മാറും. രാത്രി യാത്ര ചെയ്യുന്ന പെണ്ണ് അസ്വഭാവികവും അതിന് അവളെ വേട്ടയാടുന്നത് സ്വാഭാവികവുമായ ഈ നാട്ടിൽ സ്ത്രീജീവിതം ഇപ്പോഴും ചങ്ങലകളിൽ തന്നെയാകുന്നതിൽ അത്ഭുതമില്ല.

അസമയം ഒരു ആണത്ത സംജ്ഞ ആണ്. ചിലയിടങ്ങൾ ആണിന് മാത്രമുള്ളതാണെന്നും, ആ ഇടങ്ങൾ പെണ്ണിന് നിഷിദ്ധമാണെന്നും, നിഷിദ്ധയിടങ്ങൾ സ്വന്തമാക്കാൻ മുതിരുന്ന പെണ്ണുങ്ങളെ പോക്കുകേസുകൾ ആക്കുമെന്നും പറയാതെ പറയുന്നൊരു നിയമം ഈ നാട്ടിലുണ്ട്.

അസമയം എന്നൊരു സമയമില്ല. മനുഷ്യന്റെ ചിന്തയിലെ കൂരാകൂരിരുട്ടാണ് അസമയം. ആ ഇരുട്ടത്ത് ഇന്നും ചിലർ ഇരകളെ അന്വേഷിച്ച് ഇറങ്ങുന്നുണ്ട്.

രാത്രികാല ആഘോഷങ്ങൾ പെണ്ണിന് അന്യമായിരുന്നത് അപ്രകാരമാണ്. രാത്രിയെ സ്വന്തമാക്കുന്ന പെണ്ണിനെ അഹങ്കാരിയും താന്തോന്നിയും മറ്റുപലതുമാക്കാൻ ക്വട്ടേഷൻ എടുത്തിരിക്കുന്നത് മേല്പറഞ്ഞ നിയമത്തിന്റെ കാവൽക്കാരാണ്.

ശാരീരികവും മാനസികവുമായ അക്രമങ്ങളെ അതിജീവിച്ച ഒത്തിരി സ്ത്രീകൾ നമുക്ക് ചുറ്റുമുണ്ട്. അവരെ സമൂഹം അഭിസംബോധന ചെയ്യുന്നത് ‘ഇര’ എന്നാണ്. ‘ധീര’ എന്നവളെ അംഗീകരികച്ച് അഭിസംബോധന ചെയ്യാൻ ആരും മെനക്കെടാറില്ല. സ്ത്രീയെന്നാൽ ഇരയാവാൻ ഉള്ളതാണെന്ന പൊതുബോധമാണ് ഇതിനുപിന്നിൽ.

അസമയം എന്നൊരു സമയമില്ല. മനുഷ്യന്റെ ചിന്തയിലെ കൂരാകൂരിരുട്ടാണ് അസമയം. ആ ഇരുട്ടത്ത് ഇന്നും ചിലർ ഇരകളെ അന്വേഷിച്ച് ഇറങ്ങുന്നുണ്ട്. ഓൺലൈനിലും ജോലിസ്ഥലത്തും പൊതുനിരത്തിലും നമ്മളെല്ലാം സുരക്ഷിതമെന്ന് തെറ്റിദ്ധരിക്കുന്ന വീട്ടിലുമൊക്കെ സ്ഥിതി സമാനമാണ്.

ഇതാണ് അസമയത്തിന് ഞാൻ നൽകുന്ന നിർവചനം. എന്താണ് നിങ്ങളുടെ നിർവചനം?

Teena Joy
Latest posts by Teena Joy (see all)

COMMENT