ആരായിരുന്നു നീ പ്രിയതമേ?
ആരൊക്കെയോ ആയിരുന്നു നീ പലര്‍ക്കും
ആത്മാവായിരുന്നു നീ എനിക്ക്
അകലാതെ അടുത്തതല്ലെ നീ എന്‍ പ്രാണനായ്
അകലേക്കായ് പോയതെന്തേ?
എന്‍ ചെറുവിരല്‍ തേടുന്നു നിന്നെ
കളിവഞ്ചി പ്രായത്തില്‍ ചേര്‍ത്തു പിടിച്ചതല്ലേ?
ഇന്നലെ വരെയും നീ എന്നോര്‍മ്മകളില്‍ മധുരം നിറച്ചതല്ലേ?
ഇന്നാ ഓര്‍മ്മകള്‍ ഇന്നലെകളെ കണ്ണീര്‍ തടങ്ങളാക്കിയതെന്തേ?
എന്റെ ഇന്നിനെ ഇന്നലെയാക്കി
നാളെയെ നൊമ്പരക്കടലിലാഴ്ത്തിയതെന്തേ നീ?
നീയില്ലാത്ത എന്‍ യൗവ്വനം വാര്‍ദ്ധക്യമായ് ഇഴയുന്നു പ്രണയമേ
നീ എനിക്കായ് കണ്ണീര്‍ പുഞ്ചിരിയില്‍ ഒളിപ്പിച്ചു
ഇന്നെന്‍ കണ്ണീർ തോർത്തും വിരലായ്
നീയെന്നരുകില്‍ ഇല്ലാത്തതെന്തേ?
നൊമ്പരം പെയ്‌തൊഴിഞ്ഞ വഴികളില്‍
നീ കണ്ണീര്‍ പൂമൊട്ടായ് വിരിഞ്ഞതെന്തേ?
എന്നെ ചുറ്റിയിരുന്ന പ്രഭാവലയം
ഇരുട്ടില്‍ വെളിച്ചമായിരുന്നത് നീ മാത്രം
എന്റെ വര്‍ണ്ണവും വെളിച്ചവും പുലരിയും
നീ തന്നെയായിരുന്നു.
വരണ്ടുണങ്ങിയ എന്നിലേക്ക്
ആഴ്നിറങ്ങിയ അരുവിയായ നീ
കണ്ണീരായി പുറത്തു വന്നതെന്തേ?
തനിച്ചായിരുന്നോരെന്നെ
വീണ്ടും തനിച്ചിരുത്തി പോയ് മറഞ്ഞതെന്തേ?
നെഞ്ചോട് ചേര്‍ത്തതെല്ലാം പറിച്ചെടുത്ത് പറന്നതെന്തേ?
വേനല്‍ ശിശിരമേ നീ വേനല്‍ മഴയായ് പെയ്തകന്നതെന്തേ?
ഹൃദയം നുറുങ്ങുന്നു പ്രാണനെ
നിനക്കായ് തുടിച്ചതല്ലേ ഉയിരില്‍ ചേര്‍ത്തതല്ലേ?
നിന്നെ തേടി എന്‍ ഹൃദയം ചുമക്കുന്ന ഭാരം
ചുടുകണ്ണീരോളമുണ്ടെന്‍ പ്രിയതമേ.
പ്രേമമായി പ്രണയമായി ചേര്‍ത്തതെല്ലാം വിരഹമായ് അകലുന്നതെന്തേ?
വിരഹമേ നീ എന്നില്‍ മരണമാം വെള്ളി മാലാഖയുടെ പുഞ്ചിരി തൂകാത്തതെന്തേ
എന്‍ കണ്ണീരലിയിക്കാന്‍ മണ്ണായലിയിക്കാതത്തെന്തേ?
സ്‌നേഹവും വിരഹവും ഇല്ലാതെ എന്ത് പ്രണയം
പ്രണയം അനശ്വരമാണെങ്കില്‍
വിരഹം അതിനെ അനന്തമാക്കട്ടെ.

Ashiq Haneefa
Latest posts by Ashiq Haneefa (see all)

COMMENT