തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു സർവേയ്ക്ക് ഇറങ്ങിയതായിരുന്നു. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഞങ്ങൾക്ക് മുമ്പിൽ രണ്ട് മിനുട്ട് നിൽക്കാൻ പലരും തയ്യാറായില്ല. പൊരിവെയിൽ വകവെയ്ക്കാതെ ഞങ്ങൾ നടന്നു.

അവരുടെ ദുരിത ജീവിതത്തിന്റെ ചെറിയൊരു ഭാഗം പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുമ്പ് പത്രങ്ങളിൽ വായിച്ചു മറഞ്ഞ വാർത്തകളോട് സാമ്യം തോന്നി.

അങ്ങനെ വീണ്ടും ആളുകളെ തേടി മുന്നോട്ടു ചെന്നപ്പോഴാണ് ബസ് കാത്തു നിൽക്കുന്ന ഓമന ചേച്ചിയെ കാണുന്നത്. തേവരയിൽ നിന്നാണ് ഓമന ചേച്ചി. തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ കൈയിൽ കരുതിയിരുന്ന കവറിൽ നിന്നു മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള, ഭവനനിർമാണ പദ്ധതിയെക്കുറിച്ച് പറയുന്ന ഒരു നോട്ടീസ് ആണ് അവർ ആദ്യം കാണിച്ചു തന്നത്. എന്നിട്ട് അവരുടെ ദുരിത ജീവിതത്തിന്റെ ചെറിയൊരു ഭാഗം പറഞ്ഞു തുടങ്ങിയപ്പോഴേക്കും മുമ്പ് പത്രങ്ങളിൽ വായിച്ചു മറഞ്ഞ വാർത്തകളോട് സാമ്യം തോന്നി.

ഭരണം മാറി മാറി വന്നിട്ടും ദുരിത കഥകൾക്ക് ഒരു കുറവും ഇല്ലെന്ന വാസ്തവത്തിനു ഒരു ഉദാഹരണം മാത്രമായിരുന്നു ഓമന ചേച്ചി. ദുരിതാശ്വാസ ഫണ്ടുമായി ബന്ധപെട്ട് ഒരു ഉദ്യോഗസ്ഥനെ കാണാൻ വന്നതാണ്. ഒരുപാട് തവണയായി കയറിയിറങ്ങുന്നു. ഇതുവരെ ഒന്നും ശരിയായിട്ടില്ല. ഇത്തവണ വോട്ട് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ചേച്ചിയുടെ വാക്കുകൾ ഇങ്ങനെ -“നമ്മടെ അപ്പനപ്പൂപ്പന്മാർ തൊട്ടു രാഷ്ട്രീയക്കാരാണ്, കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു. ചിലപ്പോഴൊക്കെ വോട്ട് ചെയ്യണ്ട എന്നൊക്കെ വിചാരിക്കും പക്ഷേ, ആ സമയം ആവുമ്പോ കുത്തിപ്പോവും”. ഉള്ളിലെ ദുരിത വേദനകൾക്ക്ഇടയിലും ചിരിച്ചു കൊണ്ടവർ പറഞ്ഞു നിർത്തി.

വോട്ട് ചോദിച്ചു വരുന്നവരോട് എന്താണ് പറയാനുള്ളത് -“അവർ ജയിക്കും അവര് നന്നാവും, ഞങ്ങൾ അന്നും ഇങ്ങനെ തന്നെ ഇന്നും ഇങ്ങനെ തന്നെ”.

ജേർണലിസം വിദ്യാർത്ഥികളാണ് എന്ന് പരിചയപ്പെടുത്തിയത് കൊണ്ടാവണം, കയ്യിൽ കരുതിയിരുന്ന സഞ്ചിയിൽ നിന്ന് ഒരു നോട്ടുബുക്ക് എടുത്ത് ചില പത്രക്കാരുടെയും, സർക്കാർ ഉദ്യോഗസ്ഥരുടെയും നമ്പറുകൾ കുറിച്ച് വച്ചത് കാണിച്ചു തന്നു. എന്തെങ്കിലും സഹായത്തിനായി അവർ തന്നെ എഴുതികൊടുത്തതാണ്. അതിലേക്ക് ചേച്ചിയുടെ ആവശ്യപ്രകാരം ഞങ്ങളുടെ പേരുകളും എഴുതിവെച്ചു. എന്ത് ആവശ്യമുണ്ടെങ്കിലും വിളിച്ചോളൂ എന്ന ഭംഗി വാക്ക് പറഞ്ഞു നടന്നു.

അടുത്ത ആളിനെ തേടുന്ന സമയമത്രയും എന്റെ മനസ്സിൽ അവർ പറഞ്ഞ ഒരു മറുപടിയായിരുന്നു. കാലാകാലങ്ങളായി നിലനിൽക്കുന്നൊരു സത്യമാണ് അതെന്നും എനിക്കു തോന്നി. വോട്ട് ചോദിച്ചു വരുന്നവരോട് എന്താണ് പറയാനുള്ളത് -“അവർ ജയിക്കും അവര് നന്നാവും, ഞങ്ങൾ അന്നും ഇങ്ങനെ തന്നെ ഇന്നും ഇങ്ങനെ തന്നെ”.

Shakir Kunjimohamed
Latest posts by Shakir Kunjimohamed (see all)

COMMENT